History of Malappuram Police

മലപ്പുറം ജില്ല

വടക്ക് കോഴിക്കോട്, വയനാട് ജില്ലകളും വടക്കു കിഴക്കു വശത്ത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയും തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ലയും. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂർ ജില്ലയും പടിഞ്ഞാറ് അറബിക്കടലുമായി അതിര്‍ത്തികള്‍ പങ്കിടുന്ന ജില്ലയാണ് മലപ്പുറം. കേരളപ്പിറവിക്ക് മുമ്പ് മദ്രാസ് സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാര്‍ ജില്ലയിലായിരുന്നു ഇന്നത്തെ മലപ്പുറം ജില്ല ഉള്‍പ്പെടുന്ന പ്രദേശം. 1956 നവംബര്‍ ഒന്ന് കേരളപ്പിറവിക്കു ശേഷം മലബാര്‍ ജില്ല കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു ജില്ലകളായി വിഭജിക്കപ്പെടുകയും അതിലെ കോഴിക്കോടു ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകളും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപവത്കരിച്ചത്.

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആംഡ് പോലീസ് ബറ്റാലിയനായ മലബാര്‍ സ്പെഷ്യല്‍ പോലീസിന്‍റെ ആസ്ഥാനം മലപ്പുറം ജില്ലയിലാണ്. സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് മലപ്പുറം ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശങ്ങളില്‍ രൂപം കൊണ്ട പല പ്രക്ഷോഭങ്ങളേയും കലാപങ്ങളേയും അടിച്ചമര്‍ത്തുന്നതിനായി രൂപീകരിച്ചതായിരുന്നു എം.എസ്.പി. ഇന്ത്യന്‍ ചരിത്രത്താളുകളില്‍ പോലും ഇടം പിടിച്ച സമരങ്ങളും, പോരാട്ടങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം മലപ്പുറത്തിന് വീര പരിവേഷമാണ് നല്‍കിപ്പോരുന്നത്.

ജില്ലാ പോലീസ്

1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകരിച്ചത് മുതല്‍ തന്നെ മലപ്പുറം ജില്ലാ പോലീസും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ശ്രീ. ജെ. പത്മഗിരീശന്‍ ഐ.പി.എസ് അവര്‍കളായിരുന്നു മലപ്പുറം ജില്ലയുടെ ആദ്യത്തെ ജില്ലാ പോലീസ് സൂപ്രണ്ട്. പെരിന്തല്‍മണ്ണ, തിരൂര്‍ എന്നീ രണ്ട് സബ് ഡിവിഷനുകളും മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍, പൊന്നാനി തുടങ്ങിയ ആറ് സര്‍ക്കിളുകളുമാണ് അന്ന് ഉണ്ടായിരുന്നത്. ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പോലീസ് സ്റ്റേഷനുകള്‍ പലതും ഇന്നും പോലീസ് സ്റ്റേഷനുകളായിത്തന്നെ ഉപയോഗിച്ച് വരുന്നുണ്ട്. എം.എസ്.പിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലങ്ങളിലാണ് ഇന്ന് ജില്ലാ പോലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള ജില്ലയിലെ മിക്ക പോലീസ് സ്റ്റേഷനുകളും നിലനില്‍ക്കുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച അതേ തനിമയോടെ തന്നെ വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്നും നില നിര്‍ത്തി പോരുന്നുണ്ട്.

ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ സ്വന്തം കെട്ടിടത്തിലും, വാടക കെട്ടിടത്തിലുമായി ഒരു കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ കൂടാതെ 34 പോലീസ് സ്റ്റേഷനുകളും നിലവിലുണ്ട്. പോലീസ് ഭരണം ഏകോപിപ്പിക്കുന്നതിലെ എളുപ്പത്തിനായി മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നീ മൂന്ന് സബ് ഡിവിഷനുകളിലായി തിരിച്ച് ഓരോ സബ് ഡിവിഷനുകളുടേയും ചുമതല ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്‍കിയാണ് ജില്ലാ പോലീസ് പ്രവര്‍ത്തിക്കുന്നത്. പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമേ വനിതാ സെല്‍, ആംഡ് റിസര്‍വ് ക്യാമ്പ്, ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച്, ജില്ലാ ക്രൈം ബ്രാഞ്ച്, നാര്‍ക്കോട്ടിക് സെല്‍, ജില്ലാ ഫോട്ടോഗ്രാഫിക് ബ്യൂറോ, സൈന്‍റിഫിക്ക് ഓഫീസര്‍ വിങ്, സൈബര്‍ സെല്‍, കംബ്യൂട്ടര്‍ സെല്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, തുടങ്ങിയ വിഭാഗങ്ങളും ജില്ലാ പോലീസിന്‍റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.

നിലവില്‍ മലപ്പുറത്തും തിരൂരിലും ഓരോ പോലീസ് കണ്‍ട്രോള്‍ റൂമുകളും അഞ്ചു വീതം ഹൈവേ പോലീസ് വാഹനങ്ങളും അഞ്ച് ട്രാഫിക് യൂണിറ്റുകളും ജില്ലയില്‍ ഇപ്പോള്‍ നിലവിലുണ്ട്.

ജില്ലയുടെ പ്രത്യേകതകള്‍

ജില്ലയുടെ കിഴക്കുവശം പശ്ചിമഘട്ട പര്‍വ്വത നിരയും, പടിഞ്ഞാറ് അറബിക്കടലുമാണ്. പാലക്കാട്, തൃശ്ശൂര്‍, വയനാടുമാണ് മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന മറ്റു ജില്ലകള്‍. കൂടാതെ തമിഴ്നാട് സംസ്ഥാനവും ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയായി വരുന്നുണ്ട്. മലകളും, കുന്നുകളും, കാടുകളുമെല്ലാം നിറഞ്ഞ ജില്ലയിലൂടെ 70 കിലോമീറ്റര്‍ തീരദേശ റോഡും, 70 കിലോമീറ്റര്‍ ദേശീയ പാതയും കടന്നു പോകുന്നുണ്ട്. സംസ്ഥാനത്ത് ഏറ്രവും കൂടുതല്‍ ജനസംഖ്യയും, ജന സാന്ദ്രതയും മലപ്പുറം ജില്ലയിലാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനിതകള്‍ പരാതിക്കാരാവുന്ന ജില്ല മലപ്പുറമാണ്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ പോലീസിനായിരുന്നു ഇസ്ലാം മത വിശ്വാസികളുടെ പുണ്യഭൂമിയായ മക്ക-മദീന ഹജ്ജ് യാത്രികരെ 2015 വരേ യാത്രയയ്ക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നത്. ഒരു എയര്‍പ്പോര്‍ട്ടും മൂന്ന് സര്‍വകലാശാലകളും, 14 റെയില്‍വേ സ്റ്റേഷനുകളും മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കോഴിക്കോട് എയര്‍പ്പോര്‍ട്ടും, കോഴിക്കോട് സര്‍വകലാശാലയും ജന്മം കൊണ്ടും പ്രവര്‍ത്തി മണ്ഡലം കൊണ്ടും മലപ്പുറം ജില്ലയിലാണെങ്കിലും അറിയപ്പെടുന്നത് കോഴിക്കോടിന്‍റെ പേരിലാണ്.

ജില്ലാ പോലീസ് മേധാവിമാര്‍

നാളിതുവരേ 60 പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് സുപ്രണ്ടുമാരായി ചുമതല വഹിച്ചിട്ടുണ്ട്. ജില്ലയില്‍ പോലീസ് മേധാവിമാരായി ചുമതല വഹിച്ചരില്‍ ശ്രീ. ആര്‍.എസ് മൂഷാഹരി ഐ.പി.എസ് ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ പദവിയും സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം നാഗാലാന്‍റ് ഗവര്‍ണര്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. കൂടാതെ സര്‍വ്വശ്രീ പി.കെ ഹോര്‍മിസ് തരകന്‍ ഐ.പി.എസ്, എ.വി സുബ്ബറാവു ഐ.പി.എസ്, ബി.എസ് മുഹമ്മദ് യാസീന്‍ ഐ.പി.എസ് എന്നിവര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പദവി അലങ്കരിച്ചവരാണ്.

പ്രധാന ഉത്സവങ്ങള്‍/ നേര്‍ച്ചകള്‍

പല ആചാരാനുഷ്ഠാനങ്ങളും ഇന്നും പഴയ തനിമയോടെ നില നിര്‍ത്തിപ്പോരുന്ന ജില്ലയാണ് മലപ്പുറം. ആതിനാല്‍ തന്നെ പണ്ടുകാലം മുതല്‍ നടത്തി വരുന്ന പല നേര്‍ച്ചകളും, ഉത്സവങ്ങളും ഇന്നും അതേ തനിമയോടെ ജില്ലയില്‍ നടക്കുന്നുണ്ട്. മലപ്പുറം നേര്‍ച്ച, കൊണ്ടോട്ടി നേര്‍ച്ച, മമ്പുറം നേര്‍ച്ച, ബി.പി അങ്ങാടി നേര്‍ച്ച, പുത്തന്‍ പള്ളി നേര്‍ച്ച തുടങ്ങിയ നേര്‍ച്ചകളും നിലമ്പൂര്‍ പാട്ടുത്സവം, തിരുമാന്ധാംകുന്നു പൂരം, കളിയാട്ടക്കാവ് ഉത്സവം, തിരുനാവായ വാവ് ഉത്സവം, തുഞ്ചന്‍ പറമ്പ് ഉത്സവം തുടങ്ങിയ ഉത്സവങ്ങളും ജില്ലയിലെ പ്രധാന ആഘോഷങ്ങളാണ്. ഈ ആഘോഷങ്ങളിലെല്ലാം യാതൊരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും വഴിവയ്ക്കാതെ ജില്ലാ പോലീസ് ബന്തബസ്ത് സ്കീം ഉള്‍പ്പെടെ തയ്യാറാക്കി വലിയ രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാറുണ്ട്. അത്പോലെത്തന്നെ ശബരിമല തീര്‍ത്ഥാടന കാലത്ത് അയ്യപ്പന്‍മാരുടെ പ്രധാന വിശ്രമ കേന്ദ്രമായ മിനി പമ്പയില്‍ സുരക്ഷ ഒരുക്കുന്നതും ജില്ലാ പോലീസിന്‍റെ നേതൃത്വത്തിലാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മലകളും കുന്നുകളും കടല്‍ തീരവുമെല്ലാമായി പരന്ന് കിടക്കുകയാണ് ജില്ലയുടെ ഭൂപ്രകൃതി. അതിനാല്‍ തന്നെ കേരളത്തിലെ ടൂറിസം മേഖലയില്‍ ജില്ലയ്ക്ക് ഒഴിച്ചു കൂടാനാവാത്ത സ്ഥാനമാണുള്ളത്. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി 1840 ല്‍ ബ്രിട്ടീഷുകാര്‍ നിലമ്പൂരില്‍ നിര്‍മിച്ച കനോലി പ്ലോട്ട് എന്ന തേക്ക് പ്ലാന്‍േറഷനും അതോടനുബന്ധിച്ച് 1995 ല്‍ കേരള സര്‍ക്കാര്‍ നിര്‍മിച്ച നിലമ്പൂരിലെ തേക്ക് മ്യൂസിയവും ലോക പ്രസിദ്ധമാണ്. കൊടികുത്തിമല, നെടുങ്കയം, കക്കാടം പൊയില്‍ തുടങ്ങിയ മലമ്പ്രദേശങ്ങളും, പടിഞ്ഞാറേക്കര, കടലുണ്ടി, പരപ്പനങ്ങാടി, പൊന്നാനി തുടങ്ങിയ തീരപ്രദേശങ്ങളും ജില്ലയിലെ മറ്റു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

സ്ഥാപനങ്ങള്‍

പേരുകൊണ്ട് കോഴിക്കോടാണെങ്കിലും മലപ്പുറം ജില്ലക്ക് അഭിമാനിക്കാവുന്ന രണ്ട് സ്ഥാപനങ്ങളാണ് കാലിക്കറ്റ് സര്‍വകലാശാലയും, കാലിക്കറ്റ് എയര്‍പോര്‍ട്ടും. ജില്ലയുടെ വിദ്യഭ്യാസ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ കാലിക്കറ്റ് സര്‍വകലാശാലയില്‍ 1988 ല്‍ നടന്ന പ്രീ ഡിഗ്രി സമരവും ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങളുമെല്ലാം വലിയ ലോ ആന്‍റ് ഓര്‍ഡര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ജില്ലയുടെ വിദ്യഭ്യാസപരവും ഭക്ഖതിക പരവുമായ അഭിവൃദ്ധിക്ക് ഹേതുവായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഇവയ്ക്ക് പുറമേ ജില്ലയുടെ വിദ്യഭ്യാസ പുരോഗതിയില്‍ വലിയ മുന്നേറ്റത്തിന് സഹായകമായി മലയാള സര്‍വകലാശാല, സംസ്കൃത സര്‍വകലാശാല, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് എന്നീ സര്‍വകലാശാലകളും നിരവധി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റോഡപകടങ്ങള്‍

മോട്ടോര്‍ വാഹനാപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച വട്ടപ്പാറ വളവ് മലപ്പുറം ജില്ലയിലാണ്. ദേശീയ പാത 66 ലാണ് ഈ സ്ഥിരം അപകട മേഖല. റോഡിലെ ഇറക്കവും അമിത വളവുമാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വലിയ ചരക്ക് വാഹനങ്ങളും, ടാങ്കറുകളുമാണ് ഇവിടെ സ്ഥിരമായി അപകടത്തില്‍ പെടുന്നത്. അപകടങ്ങള്‍ കുറക്കുന്നതിന്‍റെ ഭാഗമായി പോലീസ് ഇടപെട്ട് അപകട മുന്നറിയിപ്പ് നല്‍കുന്ന വിവിധ ഭാഷകളിലുള്ള ബോര്‍ഡുകളും മറ്റു സുരക്ഷാ മുന്നറിയിപ്പുകളും സ്ഥാപിക്കുകയും നിരവധി ട്രാഫിക് പരിഷ്കാരങ്ങള്‍ കൊണ്ടു വരികയും ചെയ്തു. രാത്രി സമയങ്ങളില്‍ കട്ടന്‍ ചായ നല്‍കുന്ന സംവിധാനം ഒരുക്കിയും, ബോധവല്‍ക്കരണം നടത്തിയും അപകടങ്ങള്‍ കുറച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് അടുത്തകാലത്ത് അപകടത്തിന്‍റെ തോത് ഗണ്യമായി കുറഞ്ഞത് ഇതിനുദാഹരണമാണ്.

മാവോയിസ്റ്റ് സാന്നിദ്ധ്യം

ജില്ലയുടെ കിഴക്ക് ഭാഗത്തെ പശ്ചിമഘട്ട മല നിരകളില്‍ 2010 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടു തുടങ്ങുകയും 2016 നവംബര്‍ 24 ന് എടക്കര സ്റ്റേഷന്‍ പരിധിയിലെ പട്ക ഫോറസ്റ്റ് ഡിവിഷനില്‍ വച്ച് മാവോയിസ്റ്റുകളുമായി നേരിട്ട് വെടിവയ്പ്പുണ്ടാവുകയും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളുടെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കുപ്പു ദേവരാജ്, അജിത എന്നീ രണ്ടു മാവോയിസ്റ്റുകള്‍ മരണപ്പെടുകയും ചെയതു. മാവോയിസ്റ്റുകള്‍ക്കെതിരെ കേരളാ പോലീസ് നടത്തിയ ആദ്യത്തെ നേരിട്ടുള്ള ആക്രമണം കൂടിയായിരുന്നു മലപ്പുറം ജില്ലയിലെ ഈ സംഭവം. മാവോയിസ്റ്റുകള്‍ക്കെതിരെ കേരളത്തില്‍ നടന്ന രണ്ടാമത്തെ വെടിവയ്പ്പ് വയനാട്ടിലെ വൈത്തിരിയില്‍ ആയിരുന്നു. രണ്ട് സംഭവങ്ങള്‍ക്കും മലപ്പുറം ജില്ലയുമായി ബന്ധമുണ്ട് എന്നത് യാദൃശ്ചികം മാത്രമാവാം. ആ സംഭവത്തില്‍ കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ സി.പി ജലീല്‍ ആയിരുന്നു.

മാവോയിസ്റ്റുകളുടെ കേരളത്തിലെ ഏറ്റവും പ്രവര്‍ത്തന നിരതമായ നാടുകാണി ദളം പ്രവര്‍ത്തിക്കുന്നത് ഈ ജില്ലയിലാണ്. കൂടാതെ നിലമ്പൂര്‍ മേഖലകളില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മാവോയിസ്റ്റ് സാന്നിധ്യവും, മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതുമെല്ലാം സൂചിപ്പിക്കുന്നത് കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളില്‍ മലപ്പുറത്തിന് പ്രമുഖ സ്ഥാനം ഉണ്ട് എന്നതാണ്.

പോലീസുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍

1. കൽപ്പകഞ്ചേരി മമ്മി കേസ്.

പരാതി അന്വേഷിക്കാൻ ഒരു ടാക്സിക്കാറിൽ പോയ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിലെ റൈറ്റർ വേലായുധൻ @ തങ്കമണി എന്ന പോലീസ് ഉദ്യോഗസ്ഥനെ കത്തികൊണ്ട് കുത്തി പ്രതി മമ്മി രക്ഷപ്പെടാനിടയായി. ഈ പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് മരണപ്പെടുകയുണ്ടായി. വിവരമറിഞ്ഞ് അന്നത്തെ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീ ഹോർമീസ് തരകൻ ഐ.പി.എസ്. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുടെ വീട് വളഞ്ഞ് മമ്മിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ പ്രതി വാളുകൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ടിനെ വെട്ടിയത് തടയാൻ ശ്രമിച്ച അന്നത്തെ തിരൂർ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.വി. സതീഷിന് മാരകമായി പരിക്കേറ്റു ഉടനെ പോലീസ് മമ്മിയെ സ്ഥലത്തുവെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി.

2. നക്സല്‍ പ്രസ്ഥാനവും ജില്ലയും.

1975 കാലഘട്ടത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ നക്സലിസം തലപൊക്കിതുടങ്ങിയ സമയത്ത് ഒരു പ്രതിയുമായി ജീപ്പില്‍ പോകവേ ജീപ്പിലുണ്ടായിരുന്ന പെട്രോള്‍ കന്നാസ് തട്ടിമറിച്ചു തീപെട്ടി ഉരസിയത് മൂലം തീപിടിച്ച് പിന്‍ സീറ്റിലിരുന്ന പ്രതി മുന്‍ സീറ്റിലിരുന്ന ഡി.വൈ.എസ്.പിയെ ചേര്‍ത്തുപിടിച്ച് രണ്ടുപേരും മരണത്തിന് കീഴടങ്ങിയ സംഭവം മലപ്പുറം ജില്ലയില്‍ തൃശ്ശൂര്‍- കോഴിക്കോട് ഹൈവേയിലായിരുന്നു.

3. ഭാഷാ സമരം

1980 ജൂലൈ 30 ൽ ഭാഷാ സമരം എന്ന പേരിൽ ജില്ലാ കലക്ടറേറ്റിലേക്ക് (ഇന്നത്തെ മലപ്പുറം ഗവ: കോളേജ് സ്ഥിതി ചെയ്യുന്ന കെട്ടിടം) മാർച്ച് നടത്തിയ ജില്ലയിലെ പ്രധാന പാര്‍ട്ടിയുടെ അനുഭാവികളും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മലബാർ സ്പെഷ്യൽ പോലീസിലെ കണ്ണൻ എന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെടാനും തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നീ മൂന്നു സമരക്കാരും മരണപ്പെടാനും ഇടയായ സംഭവത്തില്‍ ജില്ലയില്‍ പരക്കെ അക്രമ സംഭവങ്ങള്‍ ഉണ്ടായത് വളരെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിച്ചത്.

4. 1992 ലെ അയോദ്ധ്യാ സംഭവത്തോടനുബന്ധിച്ചുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ

1992 ഡിസംബർ 6 ന് ശേഷം ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തോടനുബന്ധിച്ച് ജില്ലയിൽ എടക്കര, മഞ്ചേരി, കൊണ്ടോട്ടി, പോലീസ് സ്റ്റേഷൻ അതിർത്തികളിലായി ഏഴു കൊലപാതക കേസുകളും ജില്ലയില്‍ പരക്കെ ധാരാളം തീവെപ്പ് കേസുകളും നിരവധി അനിഷ്ട സംഭവങ്ങളുമുണ്ടായി, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി തുടങ്ങിയ തീരപ്രദേശങ്ങളില്‍ അക്രമങ്ങള്‍ ആളിപ്പടരുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും കൂടുതല്‍ ദിവസങ്ങളില്‍ അക്രമങ്ങള്‍ തുടരാതെ കാത്തു സൂക്ഷിക്കാന്‍ പോലീസിന് കഴിഞ്ഞു.

5. ചോക്കാട് സംഭവം

കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചോക്കാട് നാല്പത് സെന്‍റ് കോളനിയിലെ എല്‍.പി വാറണ്ട് പ്രതിയായ മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യുന്നതിനായി കാളികാവ് പോലീസ് സ്റ്റേഷന്‍ ഹക്ഖസ് ഓഫീസര്‍ ശ്രീ. ടി മനോഹരന്‍റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ വിജയകൃഷ്ണനും മറ്റൊരു പോലീസുകാരനും പ്രതിയുടെ വീട് വളയുകയും അറസ്റ്റിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പ്രതി മുജീബ് തന്‍റെ നാടന്‍ തോക്ക് ഉപയോഗിച്ച് പോലീസുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും എസ്.ഐ വിജയകൃഷ്ണന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയുമായി കാടുകയറിയ പ്രതിയും ഭാര്യയും സ്വന്തം തോക്കുപയോഗിച്ച് വെടി വച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലിക്കിടെ സംഭവിച്ച അപകടത്തിന് ശ്രീ വിജയകൃഷ്ണന്‍റെ മകന്‍ ശ്രീ വിഷ്ണുവിന് സര്‍ക്കാര്‍ സബ് ഇന്‍സ്പെക്ടര്‍ പദവിയില്‍ ജോലി നല്‍കുകയും ചെയ്ത സംഭവവും ഉണ്ടായത് മലപ്പുറം ജില്ലയില്‍ തന്നെയാണ്.

6. കുഞ്ഞാലി വധം

1969 ജൂലൈ 28 ന് നിലമ്പൂരിലെ പ്രഥമ എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന കരിക്കാടന്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള പോലീസ് വിന്യാസം നടത്തേണ്ടി വരികയും, രാപകലില്ലാതെ പോലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടി ചെയ്യേണ്ടതായും വന്നിട്ടുണ്ട്.

7. കളക്ടറേറ്റ് ബോംബ് സ്ഫോടനം

2016 കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബോംബ് സ്ഫോടനം ഉണ്ടായത്. സിവില്‍ സ്റ്റേഷനകത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പാര്‍ക്കിംഗ് ഏരിയയില്‍ നിറുത്തിയിട്ടിരുന്ന കാറിലാണ് പ്രഷര്‍കുക്കറില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്. ബേസ് മൂവ്മെന്‍റ് എന്ന് ഇംഗ്ലീഷില്‍ പ്രിന്‍റ് ചെയ്ത് ഒട്ടിച്ച ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ ഇന്ത്യയുെട ഭൂപടവും, ഉസാമാ ബിന്‍ലാദന്‍റെ ചിത്രവും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഈ കേസില്‍ രണ്ട് പ്രതികളെ പിന്നീട് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

8. അങ്ങാടിപ്പുറം ക്ഷേത്ര തീവയ്പ്പ്

2007 ഓഗസ്റ്റ് 31 നാണ് അങ്ങാടിപ്പുറത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തളി മഹാദേവ ക്ഷേത്രം കത്തിക്കാനുള്ള ശ്രമം നടന്നത്. പുലര്‍ച്ചെ 3.30 ഓടെ വഴിയാത്രക്കാരാണ് പ്രധാന വാതില്‍ കത്തുന്നത് കണ്ട് ക്ഷേത്രത്തിലെ സുരക്ഷാ ഗാര്‍ഡുകളെ അറിയിച്ചത്. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനായി സര്‍വകക്ഷിയോഗം വിളിക്കുകയും വലിയൊരു സാമുദായിക സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോകാതെ പ്രശ്നം രമ്യമായി പരിഹരിക്കാനും പോലീസ് നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമായിരുന്നു.

9. പൂക്കിപ്പറമ്പ് ബസ്സപകടം

2011 മാര്‍ച്ച് 11നാണ് കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടങ്ങളില്‍ ഒന്നായ പൂക്കിപ്പറമ്പ് ബസ് അപകടം നടന്നത്. ഗുരുവായൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പ്രണവം എന്ന സ്വകാര്യ ബസ്സാണ് കോഴിച്ചെന എം.എസ്.പി ക്യാമ്പിന് സമീപത്തുള്ള ഇറക്കത്തില്‍ കാറിലിടിച്ച് മറിയുകയും തീ ആളിപ്പടരുകയും ചെയ്തത്. 44 പേരാണ് അപകടത്തില്‍ വെന്തുമരിച്ചത്. ഈ അപകടത്തോടെയാണ് ബസ്സുകളില്‍ എമര്‍ജന്‍സി വാതിലുകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവായത്.

10. കടലുണ്ടി ട്രെയിന്‍ അപകടം

പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കടലുണ്ടിപ്പുഴയില്‍ 2001 ജൂണ്‍ 22-നാണ് മദ്രാസ് മെയില്‍ (മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് (6602)) പാളം തെറ്റി 52 പേര്‍ മരിക്കാനിടയായതും 222 പേര്‍ക്ക് പരിക്കേറ്റതും. ട്രൈയിന്‍ കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോള്‍ പാലം പൊളിയുകയും മൂന്ന് ബോഗികള്‍ പുഴയിലേക്ക് മറിയുകയുമാണ് ചെയ്തത്. ഉടന്‍ തന്നെ പോലീസ്, ഫയര്‍ ഫോഴ്സ് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. ശാസ്ത്രീയ തെളിവ് കേസ്സന്വേഷണത്തില്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയാണ് ഈ അപകടത്തിന്‍റെ കാരണം കണ്ടെത്തിയത്.

11. ചേലേമ്പ്ര ബാങ്ക് കവര്‍ച്ച

കേരളത്തിലുണ്ടായ ഏറ്റവും വലിയ കവര്‍ച്ച എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച കവര്‍ച്ചയാണ് ചേലമ്പ്ര ബാങ്ക് കവര്‍ച്ച. 2007 ഡിസംബര്‍ 30-ന് രാത്രി ചേലമ്പ്രയിലെ സക്ഖത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ചുവരുകള്‍ക്ക് വലിയ ദ്വാരമുണ്ടാക്കി 80 കിലോഗ്രാം സ്വര്‍ണ്ണവും, 2,500,000 രൂപയുമടക്കം ഏതാണ്ട് എട്ട് കോടി രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. കവര്‍ച്ച പുറത്തറിഞ്ഞ ഉടനെ തന്നെ പോലീസ് അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുകയും, അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. അന്വേഷണം വഴി തെറ്റിക്കാന്‍ കവര്‍ച്ചാ സംഘം പല വഴികളും സ്വീകരിച്ചെങ്കിലും കൃത്യമായ അന്വേഷണത്തിലൂടെ രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാനും 80 ശതമാനം വസ്തുക്കള്‍ കണ്ടെത്താനും പോലീസിന് സാധിച്ചു. 22 ലക്ഷം ഫോണ്‍ കോളുകള്‍ ഇതിന്‍റെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ മികവ് ഈ കേസ്സ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായിരുന്നു.

12. 2018 ലെ പ്രളയം

ജില്ലാ പോലീസിന്‍റെ യശ്ശസ് വാനോളം ഉയര്‍ത്തിയ സംഭവമായിരുന്നു 2018 ആഗസ്ത് മാസത്തിലുണ്ടായ പ്രളയത്തോടനുബന്ധിച്ച് ഓപ്പറേഷന്‍ ജലരക്ഷ എന്ന പേരില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും ഓപ്പറേഷന്‍ ജലരക്ഷ – 2 എന്ന പേരില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തികളും. ജില്ലയിലെ 138 വില്ലേജുകളില്‍ 120 വില്ലേജുകളും പ്രളയത്തിന്‍റെ ദുരിതത്തില്‍ അകപ്പെട്ടപ്പോള്‍ പലയിടങ്ങളിലും സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആയിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്. തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുറത്തൂര്‍ പ്രദേശത്ത് കുടുങ്ങിയ 6000 പേരെ വലിയ ലോറികള്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി രക്ഷിച്ചത് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. മണ്ണിടിഞ്ഞ് 9 പേര്‍ മരിച്ച കൊണ്ടോട്ടി സ്റ്റേഷന്‍ പരിധിയിലെ പൂച്ചാല്‍ പ്രദേശത്ത് തെരച്ചിലിനു നേതൃത്വം നല്‍കിയതും പോലീസായിരുന്നു. പ്രളയാനന്തരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിനായി നിരവധി ചടങ്ങുകള്‍ സംഘടിപ്പിച്ചത് പ്രളയത്തില്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു.

13. 2019 ലെ പ്രകൃതി ദുരന്തം

2018 ആഗസ്ത് മാസത്തിലെ പ്രളയത്തോടെ പ്രകൃതി ദുരന്ത സമയങ്ങളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ പോലീസ് കൂടുതല്‍ കാര്യക്ഷമത കൈവരിക്കുകയും ഇനിയൊരു ദുരന്തമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ച്പ്പാട് ഉണ്ടാക്കുകയും ചെയ്തതിന്‍റെ ഫലമായി 2019 ആഗസ്ത് മാസം പ്രളയത്തിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങളുമായി പോലീസ് രംഗത്തെത്തിയിരുന്നു. കൂടാതെ അപകട സാധ്യതാ മേഖലകള്‍ മുന്‍കൂട്ടി മനസ്സിലാക്കി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും പോലീസിനായി. എന്നാല്‍ അപ്രതീക്ഷിതമായി പോത്തുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കവളപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ 59 പേര്‍ക്ക് ജീവഹാനി ഉണ്ടാവുകയും നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലാ പോലീസ് മേധാവിയടക്കം അവിടെ ക്യാമ്പ് ചെയ്ത് 15 ദിവസത്തോളം തുടര്‍ച്ചയായി തിരച്ചില്‍ നടത്തുകയും ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങളടക്കം എത്തിക്കുന്നതില്‍ ശുഷ്കാന്തി കാണിച്ചത് മൊത്തത്തില്‍ പോലീസിന് സല്‍പ്പേര് നേടിത്തന്നിട്ടുണ്ട്.

കൂടുതല്‍ പ്രൊഫഷണലായുള്ള സമീപനത്തോടെ ജില്ലയെ മുന്നോട്ടു നയിക്കാനുള്ള സര്‍ഗ്ഗശേഷി നേടിയെടുത്ത് കൊണ്ട് മുന്നേറാന്‍ പോലീസിന് കഴിയും എന്ന ആത്മവിശ്വാസത്തോടെ,...